മുംബൈ: മഹാരാഷ്ട്രയിൽ ആഴ്ചകൾക്ക് മുൻപ് ഒരുകുടുംബത്തിലെ നാലുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്നും മരണകാരണം എലിവിഷമാണെന്നും ഫോറൻസിക് റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴങ്ങളുടെ സാമ്പിളുകളിലും എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷവസ്തുവിന്റെ അംശം അധികൃതർ കണ്ടെത്തി.
അബ്ദുള്ള ദോകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ബന്ധു വീട്ടിലെ വിരുന്നിൽ പങ്കെടുത്തതിന് ശേഷം ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. പുലർച്ചെ ഒന്നോടെ കുടുംബം തണ്ണിമത്തൻ കഴിച്ചു. മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ അഞ്ചോടെ എല്ലാവർക്കും കടുത്ത ചർദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് മരണംസംഭവിക്കുകയായിരുന്നു.
എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന വിഷ രാസവസ്തുവായ സിങ്ക് ഫോസ്ഫൈറ്റിന്റെ അംശം ഇവരുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തി. കുടുംബം കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിലും സിങ്ക് ഫോസ്ഫൈറ്റും കണ്ടെത്തി.
തണ്ണിമത്തനിൽ രാസവസ്തു കലർന്നത് അബദ്ധത്തിലോണോ അതോ ആരെങ്കിലും മനപൂർവം കുത്തിവച്ചതാണോയെന്ന് അന്വേഷിക്കുകയാണ് പോലീസ്.
കഴിഞ്ഞ ആഴ്ച നടത്തിയ പ്രാഥമിക ഫോറൻസിക് പരിശോധനയിൽ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില അവയവങ്ങൾ പച്ച നിറമായി മാറിയതായി കണ്ടെത്തി. ഇത് വിഷബാധയുടെ ലക്ഷണമാണ്.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുടുംബം പങ്കെടുത്ത വിരുന്നിൽ അതിഥികളായെത്തിയവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.